Monday, May 12, 2008

അജ്മല്‍ നോകിന്റെ കവിത......

“ആത്മാവിലൊതുങ്ങാത്ത ഭാവമുള്ളവരെ
ഭാവത്തിലൊതുങ്ങാത്ത ഹൃദയമുള്ളവരെ
ഹൃദയത്തിലൊതുങ്ങാത്ത സ്നേഹമുള്ളവരെ
കൂട്ടുകാരെന്നു വിളിക്കാന്‍ ഞാനിഷ്ടപ്പെടുന്നു”


പഴയ പുസ്തകത്താളുകള്‍ക്കിടയിലെ
മയില്‍പീലികണ്ണുകളില്‍
എന്നെമറന്ന വസന്തകാലങ്ങളിലെ കൂട്ടുകാരെ
ഞ്ഞാനെന്നേ കുടിയിരുത്തി.

എങ്കിലും....
ഒരുമുഴം മുമ്പേയോടാനുഴറി
ഊഴം തെറ്റിയെത്തുന്ന ഓര്‍മ്മകളിലും
ഓര്‍മ്മത്തെറ്റുപോലെ
അടര്‍ന്നുവീഴുന്ന നെടുവീര്‍പ്പുകളിലും
അവര്‍ ഉയത്തെഴുന്നേല്‍ക്കുമ്പോള്‍-
രാത്രിയുടെ ഏകാന്തതയും
നക്ഷത്രങ്ങളകന്ന വാനവും
എന്നെ നോക്കി ചിരിക്കുന്നു.

കിലുകിലാരവത്തോടെ
ചുറ്റിലും
മഴത്തുള്ളികള്‍ നൃത്തം ചവിട്ടുന്നു.

Sunday, March 30, 2008

ഉപ്പ ഒരു ഓര്‍മ്മ.....

മനസ്സിലെ ഉപ്പ എന്ന സങ്കല്‍പ്പം വളരെ.. നേര്‍ത്ത ഒരു ഓര്‍മ്മയാണു.കൊച്ചുന്നാളില്‍ മദ്രസയിലും സ്കൂളിലും പോയിരുന്നകാലം ഉപ്പയെ ഒന്നു കാണാന്‍ കൊതി യായിരുന്നു.അക്കാലത്ത് ഉപ്പാക്ക് പച്ചക്കറി കച്ചവടമായിരുന്നു വെളുപ്പിനു മൂന്നു മണിക്ക് എണീറ്റ് ജോലിക്ക് പോവും മടക്കം രാത്രി പത്തു മണിക്കും. ഇതിനിടയില്‍ നമ്മുടെ മദ്രസയും സ്കൂളും എല്ലാം കഴിഞ്ഞ് ഉറക്കവും പിടിച്ചിരിക്കും യാദൃചികമായി വല്ലപ്പോഴും കണ്ടങ്കിലായി. കാലവും വയസ്സും ആരെയും അന്വേഷിക്കാതെ അതിന്റെ വഴിക്കു പോകുന്നുണ്ടായിരുന്നു.

ഇതിനിടയില്‍ ഉപ്പ ഒരു പ്രവാസിയായി സൗദി അറേബ്യയില്‍ ചേക്കേറിയിരുന്നു മൂന്നോ നാലോ വര്‍ഷം കഴിയുമ്പോള്‍ രണ്ട് മാസത്തെ അവധിക്കു നാട്ടില്‍ വരും ആസമയത്ത് ഞാന്‍ ഒരു ബോര്‍ഡിങ്ങില്‍ നിന്നു പടിക്കുകയായിരുന്നു മാസത്തില്‍ രണ്ട്ദിവസത്തെഅവദിക്കു വരുമ്പോള്‍ കണ്ടാല്‍ കണ്ടു അത്രമാത്രം. പിന്നെയും കാലചക്രം കറങ്ങി.

പതിനെട്ടു വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ ഉപ്പാക്ക് കിട്ടിയത് മാരക രോഗം. സിഗരറ്റിന്റെ ഒരു കടുത്ത ആരാധകനായിരുന്നു ഉപ്പ എന്തോ മനസ്സിലോര്‍ത്തിട്ടെന്ന വണ്ണം എനിക്കു ഒരു വിസയും സംഘടിപ്പിച്ചു. രോഗനിര്‍ണ്ണയത്തിനായി നാട്ടിലെത്തിയ ഉപ്പയെ ഡോക്ടറെ കാണിച്ചു. ഉപ്പയെ പുറത്തേക്ക് അയച്ചു ഡോക്ടര്‍ എന്നോട് ചോതിച്ചു നീ ആരാണു രോഗിയുടെ.? ഞാന്‍ പറഞ്ഞു മകന്‍ അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു ഇയാള്‍ ഒരു ആറു മാസത്തില്‍ കൂടുതല്‍ ജീവിക്കില്ല....എന്റെ തലയില്‍ ഒരു വെള്ളിടി മുഴങ്ങി കണ്ണില്‍ ഇരുട്ടുകയറി തല കറങ്ങി താഴേക്കു വീണഎന്നെ ആരൊക്കെയോ താങ്ങി കട്ടിലില്‍ കിടത്തി പരിസര ബോധം തിരുച്ചുകിട്ടിയപ്പോള്‍ ഞാന്‍ എണീറ്റു.. അപ്പോഴേക്കും ഡോക്ടര്‍ മെഡിക്കല്‍ കോളേജിലേക്ക് ലറ്റര്‍ തന്നിരുന്നു.

ഞങ്ങള്‍ നേരെ തൃശൂര്‍ അമല യിലേക്കു പോന്നു അവിടെന്നു ടെസ്റ്റുകളെല്ലാം ചെയ്തു ടോക്ടര്‍ പറഞ്ഞു.ഇതു ശ്വാസ കോശത്തിലെ കാന്‍സറാണു . നമുക്ക് പരമാവധി ആയുസ്സ് നീട്ടാന്‍ പറ്റുമോന്നു നോക്കാം....പിന്നെ യെല്ലാം ദൈവത്തിന്റെ കയ്യിലാണു......

രണ്ട് മാസത്തെ ആശുപത്രി വാസം ഉപ്പ എന്താണു എങ്ങിനെ യാണു സ്നേഹം എന്നല്ലാം മനസ്സിലായത് ഉപ്പയെ അടുത്തറിഞ്ഞ സമയം അതു വല്ലാത്ത ഒരനുഭൂതിയാണു പറഞ്ഞറിയിക്കാന്‍ വയ്യ.ഇതിനിടയില്‍ വില്ലനായി കൊണ്ട് എന്റെവിസയുംഅടിച്ചുവന്നു...... പിന്നെ ഞാനും ഒരു പ്രവാസിയായി...ഉപ്പ എനിക്കും എന്റെ കുടുമ്പത്തിനും തന്ന നൊമ്പരങ്ങളും ബാക്കിയായ്...

ഇതു എന്റെ മാത്രം അനുഭവമല്ല.. നമുക്കു ചുറ്റുംനോക്കിയാല്‍ കാണാവുന്ന കാഴ്ചയാണു. പ്രവാസത്തിന്റെ കയ്പ്പും മധുരവും നുകര്‍ന്ന്. ഇരുപതും മുപ്പതും വര്‍ഷം ജോലി ചെയ്ത് തളര്‍ന്ന് ഒടുവില്‍ മരിക്കാന്‍ വേണ്ടി നാടണയുന്നവര്‍ ധാരാളമാണു.

ഒന്നോര്‍ക്കുക.. സ്വന്തം മക്കളെ മറന്ന് ജനിച്ച നാടിനെ മറന്ന് നമ്മള്‍ സമ്പാതിക്കുന്നത് എന്താണു?... അവസാനം നമുക്കു ബാക്കിയാവുന്നത്.... മൂന്നു കഷ്ണം തുണി മാത്രം....

Wednesday, March 12, 2008

ഞാനെന്തു പറയാനാണ്

വാനത്തില്‍ പറക്കും
വിമാനം നോക്കി
മനസ്സിലുരുവിട്ടു.
നിന്‍ കൂടെ
ഒരുനാള്‍
ഞാനും പറന്നീടും

കാലാന്തരത്തില്‍
മരുഭൂമിയില്‍
ആകാശഗോപുരങള്‍
കണ്ടു

ഉഷ്ണകാറ്റിന്‍
ജരാനിരകള്‍
പിടികൂടി
തളര്‍ന്ന്
ഉമ്മറത്തിരിക്കുമ്പോള്‍
നിന്‍റെഇരമ്പലിനോട്
ഞാനെന്തു പറയാനാണ്?

Friday, March 7, 2008

നെടുവീര്‍പ്പ്

നെടുവീര്‍പ്പ്


സുബൈര്‍ കുരുവമ്പലം


ഞാന്‍ നടന്നു
സുപരിചിതമാം
പാതയിലൂടെ
പ്രഭാത സവാരിയിലായിരുന്നു
പാതയോരത്തെ മതിലുകളില്‍
പരസ്യ വാചക ങ്ങള്‍
ഒരീറന്‍ തെന്നല്‍
തഴുകി കടന്നുപോയി
ചെമ്മണ്‍ പാതയുടെ
ഇരു വശവും നെല്‍വയലുകള്‍
പച്ച മെത്ത വിരിച്ചപോലെ
പരന്നു കിടന്നു
കണ്ണിനു കുളിരേകുന്ന
കാഴ്ച
മഞ്ഞില്‍ കുതിര്‍ന്ന
നെല്‍ കതിരുകളില്‍
ഇറ്റി വീഴുന്ന ജല കണങ്ങളില്‍
മിന്നി മറയുന്ന
സൂര്യ കിരണങ്ങള്‍
എന്തൊരു കുളിര്‍മ്മയുള്ള
കാഴ്ച

കാലം
ആരെയും കാത്തുനില്‍ക്കാതെ
ഓടിമറഞ്ഞു
ഇന്നു ഞ്ഞാന്‍ ആ പഴയ പാതയിലൂടെ
വീണ്ടും നടന്നു
ചെമ്മണ്‍ പാതയ്ക് പകരം
ടാറിട്ട റോഡ്
ഈറന്‍ തെന്നല്‍ എന്നെ
തഴുകിയില്ല
നെല്‍ പാടങ്ങളില്‍
കെട്ടിട സമുച്ചയങ്ങള്‍
മൂടിയിരിക്കുന്നു
എന്നില്‍
ഒരു നെടുവീര്‍പ്പ്
ബാക്കിയായി

Saturday, March 1, 2008